ഇന്ത്യരാജ്യത്ത് കൗമാരപ്രായക്കാരില്‍ മദ്യപാനം വര്‍ദ്ധിച്ച് വരുന്നു എന്നതിന് ഒരുസംഭവം: ഒമ്പതാം ക്ലാസുകാരനായ മകന്‍ സ്കൂളിലെ അനിവേഴ്സറി പരിപാടികള്‍ കഴിഞ്ഞ് രാത്രി എട്ടായിട്ടും വീട്ടില്‍ എത്തിയില്ല. പരിപാടികള്‍ എല്ലാം 7 മണിയോടെ കഴിഞ്ഞു എന്നു ഏറ്റവുമടുത്ത കൂട്ടുകാരില്‍നിന്നും മനസില്ലാക്കിയ അച്ഛനും അമ്മയും ബന്ധുമിത്രാദികളും പരിഭ്രാന്തരായി മകനെ തിരക്കിയിറങ്ങി. അവര്‍ സ്ക്കൂളില്‍ എത്തി ക്ലാസ് മുറിയിലും പരിസരത്തും ഗ്രൗണ്ടിലുമെല്ലാം അവരുടെ മകനേ അന്വേഷിച്ചു. കൂട്ടത്തില്‍ പോലീസിലും പരാധി നല്‍കി. അന്വേഷണത്തിനൊടുവില്‍ രാത്രി പത്തു മണിയോടെ സ്കൂള്‍ ഗ്രൗണ്ടിനു പുറത്ത് കുറ്റികാട്ടില്‍ മകനും അവന്‍റെ ചില സുഹ്യത്തുക്കളും ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്തി. അവര്‍ക്കുചുറ്റും മദ്യകുപ്പികളും സിഗരറ്റ് പാക്കറ്റുകളും കിടക്കുന്നുണ്ടായിരുന്നു. മകന്‍റെ ശരീരത്തില്‍നിന്ന് മദ്യത്തിന്‍റെ ദുഗന്ധവും മണവും വമിക്കുന്നത് മനസ്സിലാക്കിയ മാതാപിതാക്കള്‍ തികച്ചും നിസഹായരായി.
ജനിതക കാരണങ്ങളാല്‍ പകര്‍ന്നുകിട്ടാവുന്ന ഒരു രോഗമാണ് മദ്യാസക്തി എന്ന് അടുത്തകാലത്ത് നടന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുവെങ്കിലും അത് പൂര്‍ണ്ണമായും സ്വീകാര്യമല്ല. മദ്യപന്‍മാരുടെ മക്കള്‍ മാതാപിക്കന്‍മാരില്‍ നിന്ന് അകലെ താമസിക്കുന്നവരില്‍ ചെറിയപ്രായത്തില്‍ തന്നെ മദ്യം ഉപയോഗിക്കാനൂള്ള സാധ്യത കൂടുതലായിരിക്കും. പക്ഷെ ഇതിനെക്കാള്‍ ഗൗരവമര്‍ഹിക്കുന്ന ഒരുകാരണമാണ്
കുട്ടികള്‍ ഈ ശീലം അനുകരിക്കുന്നത്. മുതിര്‍ന്നവരുടെ മദ്യപയോഗശീലം സ്വാഭാവിക ജീവിതത്തിന്‍റെ ഭാഗമാണെന്നാണ് ഭൂരിപക്ഷം കുട്ടികളും ധരിച്ചുവെക്കുന്നതും അതു അനുകരിക്കുവാന്‍ തുടങ്ങുന്നതും. ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കല്യാണം, മരണം, പെരുന്നാള്‍, പൂരം എന്നിങ്ങനെയുള്ള അഘോഷ വേളകളിലും മദ്യം വിളമ്പുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായി തീര്‍ന്നിരിക്കുന്നു. ഇതുവഴി മദ്യം ആരോഗ്യത്തെ നശിപ്പിക്കുന്ന പദാര്‍ത്ഥമെന്ന നിലയില്‍നിന്നും നിര്‍ദോഷമായ ഒരു വിനോദമാര്‍ഗ്ഗമെന്ന കാഴ്ചപ്പാടിലെക്ക് സമൂഹം മാറുന്നു. സിനിമ, സീരിയല്‍ തുടങ്ങി മാധ്യമങ്ങളിലെല്ലാം മദ്യപാനത്തെ പൗരുഷത്തിന്‍റെ ലക്ഷണമായി ചിത്രീകരിക്കുന്നതും കുട്ടികള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുവാനുള്ള കാരണമാണ്. സ്ത്രീകളിലും മദ്യപാനം അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്തും പരീക്ഷിച്ചു നോക്കുവാന്‍ ത്വരയും എടുത്തുച്ചാട്ടവുമുള്ള കൗമാരപ്രായവും മദ്യപാനം തുടങ്ങുവാന്‍ മറ്റൊരു കാരണമാണ്. ഇതുനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇന്നു സാമൂഹ്യജീവിതത്തില്‍ അനവധിയാണ്. വീട്ടില്‍ മദ്യകുപ്പികള്‍ സൂക്ഷിക്കുന്നതും കുട്ടികളുടെ മുമ്പില്‍ മദ്യം കുടിച്ച് ആഘോഷിക്കുകയും ചെയ്യുന്നത് അവരില്‍ അതു ഉപയോഗിക്കാന്‍ പ്രേരണയുണ്ടാക്കുന്നു. രക്ഷിതാക്കള്‍ തന്നെയാണ് മുഖ്യപ്രതികള്‍. കൂടാതെ ചില മാതാപിതാക്കള്‍ തങ്ങളോടൊപ്പം മക്കള്‍ക്ക് അല്പം മദ്യം രുചിക്കാന്‍ പകര്‍ന്നു നല്കുന്നതും ഗുരുതരമായ കാരണമാണ്.
അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടീവ് ഡിസോര്‍ഡര്‍, ഫിറ്റ്സ്, കുറ്റവാസനകള്‍ പ്രകടിപ്പിക്കുന്ന കണ്ടക്ട് ഡിസോര്‍ഡര്‍ എന്നീ മാനസിക രോഗവസ്ഥയുള്ള കുട്ടികളില്‍ മദ്യം ഉപയോഗിക്കുവാനുള്ള പ്രവണത ചെറുപ്പത്തില്‍തന്നെ പ്രകടമായിരിക്കും. എടുത്തുചാട്ടമുള്ള കുട്ടികളില്‍ മദ്യപാനശീലത്തോടപ്പം പുകവലിയും ലൈംഗിക പരീക്ഷണങ്ങളും, ആക്രമണങ്ങളും പതിവായിരിക്കും. സമപ്രായക്കാരായ സുഹ്യത്തുക്കളുടെ സമര്‍ദ്ദത്തില്‍ വഴങ്ങിയും മദ്യപാനം ആരംഭിക്കുന്ന കുട്ടികളുണ്ട്. ഇവിടെ അസര്‍ട്ടീവ്നസ്(തറപ്പിച്ച് പറയുവാനുള്ള കഴിവ്) ഇഷ്ടമില്ലാത്ത കാര്യത്തിന് നിര്‍ബന്ധിക്കുമ്പോള്‍ പറ്റില്ല എന്നു പറയാന്‍ കഴിയാത്ത കുട്ടികള്‍ക്കാണ് ഇത്തരം അബദ്ധം കൂടുതല്‍ സംഭവിക്കുന്നത്. സുഹുത്തുക്കളെ ലഭിക്കാനായി അവരുടെ ശീലത്തില്‍ പങ്കുചേരുന്നവരും, മദ്യം സേവിക്കുന്നതിലൂടെ പൗരുഷം തെളിയിക്കപെടും എന്നു മിഥ്യധാരണയുള്ള കുട്ടികളും വളരെ എളുപ്പം മദ്യപാനം ആരംഭിക്കുന്നു.
അതുപോലെ വേണ്ടത്ര സ്നേഹവും വൈകാരിക സുരക്ഷിതത്വവും കുടുംബത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യമുള്ള കുട്ടികളും എളുപ്പം മദ്യപാനത്തിലെക്ക് തിരിയാം. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശനങ്ങള്‍ മറ്റൊരു കാരണം. മാതാപിതാക്കള്‍ കുട്ടികളോടു വേണ്ടത്ര സമയം ചെലവഴിക്കാത്തതും മദ്യപാനത്തിന് കാരണമാവാറുണ്ട്. ഈ ഘട്ടത്തില്‍ വീട്ടില്‍നിന്ന് പരിഗണന ലഭിക്കാത്ത കുട്ടികള്‍ പുറത്ത് പുതിയ സൗഹ്യാദ്ദ ബന്ധങ്ങള്‍ കെട്ടിപൊക്കുന്നതും സ്വഭാവികം. പ്രായത്തില്‍ മുതിര്‍ന്ന വരുമായുള്ള കുട്ടും മദ്യപാനം തുടങ്ങാന്‍ കാരണമാകുന്നതോടൊപ്പം ജീവിതത്തിലെ വിഷമ ഘട്ടങ്ങളെ നേരിടാന്‍ മദ്യത്തിന്‍റെ സഹായവും തേടുന്നു. ഇതിന് ആക്കം കൂട്ടുവാനായി സിനിമ-സീരിയലുകള്‍-റിയാലിറ്റി ഷോ എന്നിവയില്‍ കാണുന്ന മദ്യപാന രംഗങ്ങളൂം കാരണങ്ങളില്‍ ഒന്നാണ്. കൂടാതെ അമിതമായ ഉത്കണ്ട്ഠയും ആത്മവിശ്വാസ കുറവുമുള്ള കുട്ടികളും സുഹ്യത്തുക്കളുടെ തെറ്റായ ഉപദേശത്തില്‍ വീണ് മദ്യപിച്ചു തുടങ്ങുന്നു.
പ്രായപൂര്‍ത്തിയായവരെ താരതമ്യപ്പെടുത്തുമ്പോള്‍ കൗമാരക്കാരില്‍ മദ്യപാനത്തിന്‍റെ ഉപയോഗം നിയന്ത്രിക്കുവാനുള്ള കഴിവ് കുറവായിരിക്കും. തന്‍മൂലം അമിതമായി മദ്യം കഴിച്ച് അബോധവസ്ഥയിലാകുന്നത് ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ തലച്ചോറിലെ ഓര്‍മ്മശക്തിയെ നിയന്ത്രിക്കുന്ന പ്രധാന ഭാഗങ്ങളിലൊന്നായ ഹിപ്പോകാമ്പസ്സിന്‍റെ പ്രവര്‍ത്തനത്തെ വികലാമാക്കി പഠനപ്രശ്നങ്ങള്‍, ശ്രദ്ധകുറവ്, ഓര്‍മ്മകുറവ് എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല പെരുമാറ്റ വൈകല്യം, അമിതദേഷ്യം, അക്രമ സ്വഭാവം, അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുക എന്നിവ കൂടിയ അളവില്‍ ഈ ഘട്ടത്തില്‍ പ്രത്യക്ഷപെടുന്നു. മദ്യം ഉപയോഗിക്കുമ്പോള്‍ തലച്ചോറിന്‍റെ ചില ഭാഗങ്ങളില്‍ ഡോപ്പാമിന്‍ എന്ന രാസവസ്തുവിന്‍റെ അളവ് വര്‍ദ്ധിച്ച് പലതരം ആഹ്ലാദാനുഭവങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ കുട്ടികള്‍ അവര്‍ കഴിക്കുന്ന മദ്യത്തിന്‍റെ അളവ് ക്രമേണ കൂട്ടികൂട്ടി സംങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്നു. എന്നാല്‍ മദ്യം കഴിക്കാത്ത ദിവസങ്ങളില്‍ ഡോപ്പാമിന്‍റെ അളവ് കുറഞ്ഞു വരുന്നതുമൂലം ഇവരില്‍ അസ്വസ്ഥതയും അതിയായ ഉത്കണഠയും ഉണ്ടാകുകയും ഇതിനെ മറികടക്കാനായി വീണ്ടും മദ്യത്തെ പ്രാപിക്കുകയും തുടര്‍ന്ന് അടിമത്വത്തിലെക്ക് നീങ്ങുകയും ചെയ്യുന്നു.
മദ്യപാനം തുടങ്ങുന്ന ഘട്ടത്തില്‍ ലൈംഗീകതാല്‍പര്യവും ഉത്തേജനവും വര്‍ദ്ധിക്കുക സ്വഭാവികം. ഇതുവെറും താല്‍കാലികം മാത്രം പക്ഷെ ക്രമേണ ഈ രണ്ട് കഴിവുകളും തീര്‍ത്തും നശിച്ചുപോകും. മദ്യപാനം കുട്ടികളെ പലവിധ പെരുമാറ്റ ദൂഷ്യങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും ഏര്‍പ്പെടുവാന്‍ കാരണമാകുന്നു. അതുപോലെ ലൈംഗീക രോഗങ്ങളും ചെറുപ്രായത്തില്‍ പിടിപ്പെടാന്‍ മദ്യപാനം കാരണമാകും. കരളിന്‍റെയും പുരുഷ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെയും വിപരീധമായി ബാധിക്കുന്നതുമൂലം മദ്യപാനശീലം ക്രമേണ ലൈംഗീകശേഷി നശിപ്പിക്കുന്നു. ചെറുപ്രായത്തിലെ മദ്യപാനശീലം യൗവനത്തില്‍ എത്തുമ്പോള്‍ ഉദ്ധാരണ ശേഷികുറവിന് കാരണമാകുന്നു. മാനസികമായ തകരാറുകളാണ് ഇവരില്‍ പ്രധാനമായും സംഭവിക്കുക. തലച്ചോറിലെ ഡോപ്പാമിന്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതുമൂലം വിഭ്രാന്തി രോഗങ്ങള്‍, സംശയരോഗം, ആക്രമണ പ്രവണത, ആത്മഹത്യപ്രവണത്, വിഷാദരോഗം, ഉത്കണഠ, മറവിരോഗം, തുടങ്ങിയ പ്രത്യാഘാതങ്ങള്‍ കൂടാതെ പെപ്റ്റിക് അള്‍സര്‍, ലിവര്‍ സിറോസിസ്, ഹെപ്പാറ്റിക് പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കി വ്യക്തിയെ ഒരുപക്ഷെ മരണത്തിലേക്ക് എത്തിച്ചേക്കാം.
നമ്മുടെ മക്കള്‍ ഒരിക്കലും ഒരുതെറ്റും ചെയ്യുകയില്ല എന്ന മുന്‍വിധി ഒരുകാരണവശാലും വെച്ചു പുലര്‍ത്താന്‍ പാടില്ല. മക്കള്‍ക്ക് ദുര്‍ബലത തോന്നിക്കാനുള്ള സാഹചര്യങ്ങള്‍ ധാരാളമുള്ള സമൂഹമാണ് നമ്മുടേതെന്ന് രക്ഷിതാക്കള്‍ മറക്കരുത്. കഠിനമായ ശിക്ഷ, കുറ്റപെടുത്തല്‍, ശകാരം, താരതമ്യം ചെയ്യല്‍ എന്നിവ കുട്ടികളെ മാനസികമായി തളര്‍ത്താനെ ഉപകരിക്കു. കുട്ടികള്‍ക്ക് അര്‍ഹിക്കാവുന്ന ആരോഗ്യകരമായ സ്വാതന്ത്യത്തിന് ഒരു പരിധിയും ഉപാധിയും ഉണ്ടായിരിക്കണം. മകന്‍ മദ്യപിച്ചു എന്നറിയുന്ന വേളയില്‍ മാതാപിതാക്കള്‍ സംയമനത്തോടെ കുട്ടിയോട് തുറന്ന് സംസാരിക്കണം. മദ്യപിക്കുവാനായി കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം എന്തെന്ന് മനസ്സിലാക്കി അതിലെ തെറ്റുകുറ്റുങ്ങള്‍ പരിഹരിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകണം.
എനിക്ക് വേണ്ട എന്നു ഊന്നിപറയാനുള്ള സ്വഭാവദ്യഢത കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. കൂട്ടുകാരുടെ സമ്മര്‍ദ്ദം അതിജീവിക്കുവാന്‍ അവനെ പ്രാപ്തരാക്ക്കുക. കുടുംബത്തില്‍ മദ്യപിച്ചുവന്ന് വഴക്കടിക്കുന്ന ശീലമുള്ള മാതാപിതാക്കള്‍ അത്തരം ശീലം നിര്‍ത്തിയിരിക്കണം. സ്വയം മാത്യകയാകുക അതാണ് പ്രധാനം. അല്ലാതെ മക്കളെ നന്നാക്കാന്‍ ശ്രമിക്കരുത്. ഒരിക്കല്‍ മദ്യപിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മക്കളെ കുടിയന്‍മാരായോ എല്ലങ്കില്‍ എന്തോ മഹാപാപം ചെയ്തു എന്ന നിലയില്‍ കാണാരുത്. കുട്ടിയെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് വിലകുറച്ച് സംസാരിക്കുന്നതും പരിഹസിക്കുന്നതും ഒഴിവാക്കണം. മദ്യത്തിലേക്ക് നയിക്കാന്‍ തന്‍റെ മകനെ സ്വാധീനിച്ച കാരണം എന്തുതന്നെ ആയാലും അതു കണ്ടത്തി പരിഹരിക്കുക എന്നതാണ് മുഖ്യം. ഒപ്പം അതുപൊറുക്കാന്‍ സാധിക്കണം. എല്ലാത്തിനും പരിഹാരം കാണാന്‍ സാധിക്കുമെന്ന ഒരു മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. കുടാതെ വിഷാദ -ഉത്കണഠ രോഗങ്ങള്‍, വ്യക്തിത്വ ക്രമക്കേടുകള്‍ എന്നിവ പിടികൂടിയിട്ടുണ്ടെങ്കില്‍ അതിനു ഉചിതമായ ചികിത്സയും നല്‍കണം.
കൗമാരക്കാരായ മക്കളുടെ നല്ല സുഹ്യത്തക്കളാകണം എല്ലാ മാതാപിതാക്കളും. അവരോടൊപ്പം എല്ലാദിവസവും കുറച്ച് സമയം ചിലവഴിക്കുക. അവരോടൊന്നിച്ച് പുറത്ത് പോകുക, അവരുടെ ദൈനംദിന പ്രശ്നങ്ങള്‍ ചോദിച്ചറിയുക. അവരുടെ സുഹ്യത്തുക്കളെ മാനിക്കുക. അവരൊടൊപ്പം അവര്‍ക്കിഷ്ടപ്പെടുന്ന വിനോദങ്ങളില്‍ പങ്കുചേരുക, അവരുടെ സംശയങ്ങള്‍ക്ക് ശാസ്ത്രീയമായ മറുപടി നല്‍കുക. സംശയങ്ങളെ വിമര്‍ശനരീതിയോടെ പരിഹരിക്കുവാന്‍ ശ്രമിക്കാതിരിക്കുക എന്നീ സമീപനങ്ങള്‍ കുട്ടികളെ നേര്‍വഴിക്കു നടക്കുവാനും പ്രതിസന്ധികളെ തരണം ചെയ്യുവാനും പ്രാപ്തരാക്കും.
എല്ലാത്തിനെക്കാളുമുപരി മദ്യം എന്ന വസ്തുവിന്‍റെ ലഭ്യത ഇല്ലാതക്കുക, ഇത് സംഭവിക്കാത്തടത്തോളം കാലം ഈ മഹാവിപത്തിന്‍റെ പ്രത്യാഘാതം പലവിധത്തില്‍ തുടരും.
© Copyright 2020. All Rights Reserved.