Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Child Counselling

എല്ലാത്താരം കഴിവുകള്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഇന്‍റര്‍നെറ്റും യൂടൂബും മറ്റു റിയാലിറ്റിഷോകളും മത്സരിച്ചു പ്രദാനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികളെ വളര്‍ത്തുന്നതിന് പ്രത്യേക പഠിപ്പും സവിശേഷതകളും വേണ്ട എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോയികൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം മാതാപിതക്കളും കുഞ്ഞുങ്ങളും തമ്മില്‍ ഒരുയാന്ത്രികമായ ബന്ധമാണ് ഇന്ന്വെച്ചു പുലര്‍ത്തുന്നത്. ആര്‍ക്കും ആരോടും ഒരു കടപ്പാടും ആത്മബന്ധവും ഇല്ലാത്ത അവസ്ഥ. ആവിശ്യം കഴിഞ്ഞാല്‍ ആരെ വേണമെങ്കിലും തള്ളിപറയാം അകറ്റാം നശിപ്പിക്കാം.

പ്രക്യതിയിലെ ഫല വ്യക്ഷചെടികളെ വീക്ഷിച്ചാല്‍ അതില്‍ നിന്നും മഹത്തായ സത്യം മനസ്സിലാക്കാന്‍ സാധിക്കും. ആവശ്യത്തിനു ജലവും മണ്ണും വായുവും സൂര്യപ്രകാശവും ലഭിച്ച് വളര്‍ന്ന് പന്തലിക്കുന്നവയില്‍നിന്നും നല്ല കായ്കനികളും സുഗന്ധമുള്ള പൂഷപങ്ങളും ലഭിക്കുന്നു. ലഭിക്കുന്ന പരിരക്ഷണം അനുസരിച്ച് ഇവയുടെ ഇലകള്‍ക്കും തണ്ടുകള്‍ക്കും ചില്ലകള്‍ക്കും വിവിധങ്ങളായ രൂപവും ഭംഗിയും വാസനയും ദര്‍ശിക്കുവാന്‍ സാധിക്കുന്നു. ഇവയില്‍ തന്നെ വാസനയുള്ളതിന് സൗന്ദര്യമില്ല അല്ലങ്കില്‍ സൗന്ദര്യമുള്ളതിന് വാസനയുമുണ്ടായിരിക്കില്ല. സൂര്യപ്രകാശവും ജലവും മണ്ണും വായുവും ലഭിക്കാതെ വളര്‍ന്നു വരുന്നവയുടെ ഫലങ്ങളും വാസനയും സൗന്ദര്യവും തീരെ കുറഞ്ഞ അളവിലായിരിക്കും അല്ലെങ്കില്‍ ഉണ്ടായിരിക്കില്ല. ڇപാറപ്പുറത്ത് വിത്ത് പാകിയാല്‍ എന്തു ഫലം!

കുഞ്ഞുങ്ങള്‍ നമ്മള്‍ നട്ടുപിടിപ്പിക്കുന്ന ചെടികളെപോലെയും പുഷ്പങ്ങളെ പോലെയുമാണ്. ഒരു വീട്ടില്‍തന്നെ ജനിച്ച് വളരുന്ന കുട്ടികള്‍ക്കിടയില്‍ വ്യത്യസ്ത രീതികളും സ്വഭാവഗുണങ്ങളും വ്യത്യസ്തബുദ്ധിയും യുക്തിയും സാമര്‍ത്ഥ്യവും പ്രകടിപ്പിക്കുന്നവരും ഉണ്ടായിരിക്കും. പഠനത്തിലും മറ്റുവിഷയങ്ങളിലും മുന്നിട്ട് നില്‍ക്കുന്നവരും പുറകില്‍ നില്‍ക്കുന്നവരും കുടുംബത്തില്‍ മാത്രമല്ല വിദ്യാലങ്ങളിലും ഉണ്ടായിരിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് അറിവും ആഹ്ലാദവും വാത്സല്യവും കൊടുത്ത് വളര്‍ത്തുവാന്‍ ബാദ്ധ്യസ്ഥരായ ഇന്നത്തെ രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് അഹ്ലാദകരമായ അനുഭവമാക്കി എടുക്കുന്നതിന് പകരം ഊണും ഉറക്കവും കളിചിരികളും എല്ലാം നിഷേധിച്ചു കൊണ്ട് മത്സരിക്കുവാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളും സ്കൂളിലെ അദ്ധ്യാപകരും കുട്ടികളെ സ്നേഹിക്കുകയോ പരിപോഷിപ്പിക്കുകയോ അല്ലചെയ്യുന്നത്. നൂറു ശതമാനം വിജയം കൈവരിക്കുന്ന സ്കൂള്‍ എന്നറിയപ്പെടുവാനും ഫ്ളക്സ് വെക്കുവാനുമായി പീഡിപ്പിക്കുകയാണ് ചെയ്തുവരുന്നത്. അവരെ വെറുപ്പിക്കുകയാണ് ചെയ്യുന്നത്. പഠനം എന്ന മഹാഭാരം തലയില്‍വെച്ച്.

കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയും ഇഷ്ടവും അഭിരുചിയും വാസനയും മനസ്സിലാക്കി അവരെ സ്നേഹത്തോടെ തെറ്റും ശരിയും മനസ്സിലാക്കിച്ച് ജീവിത മൂല്യങ്ങള്‍ക്കൊപ്പമാണ് മറ്റുപാഠ്യ വിഷയങ്ങളും പകര്‍ന്നു നല്‍കേണ്ടത്. പക്ഷെ മറിച്ചാണ് ഇന്നു സംഭവിക്കുന്നത് താനും. യുക്തിയോടെ ചിന്തിച്ച് മനസ്സിലാക്കി പഠിപ്പിക്കുന്നതിന് പകരം څവിശ്വസിപ്പിക്കുക എന്ന വിഷം പാകലാണ്چ ഇന്നു ചെയ്തുവരുന്നത്. ഇതിന്‍റെ അനന്തര ഫലം നമ്മള്‍ക്ക് നിത്യേന വാര്‍ത്തകളിലൂടെയും സാമൂഹ്യ-സാംസ്കാരിക വിപത്തുകളിലൂടെയും ജീവിത ശൈലികളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

എത്രത്തോളം കൂടുതല്‍ വഴിപിഴയ്ക്കുന്നുവോ, പാതകങ്ങള്‍ ചെയ്യുന്നുവോ, തുണിയുരിയുന്നവോ മത്സരിക്കുന്നുവോ അത്രയ്ക്കും വാര്‍ത്താമൂല്യവും പ്രശസ്തിയും ഇന്നു ലഭിക്കുന്നു! അതിനുതകുന്ന വിധമുള്ള പഠനവും സാമൂഹീക സാങ്കേതിക അന്തരീക്ഷവുമാണ് വിദ്യാലയത്തിലും കുടംബത്തിലും നിലനില്‍ക്കുന്നത്. ഇതിന്‍റെയെല്ലാം ദൂഷ്യവശങ്ങളും പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടിവരുന്നതും കുട്ടികളാണ്. മുതിര്‍ന്ന തലമുറ ഇളം തലമുറയില്‍ പരീക്ഷണങ്ങള്‍ നടത്തി പുതിയ സംസ്കാരത്തിന് തിരികൊളുത്തുന്നു. പിന്നീട് ഇത് ജനറേഷന്‍ ഗ്യാപ്പ് ആയി അറിയപ്പെടുന്നു.

ഇതിനല്ലാം പുറമേ അച്ചടക്കം ഇല്ലാത്തവന്‍, പഠിക്കാത്തവന്‍, മാര്‍ക്കില്ലാത്തവന്‍, കണക്കു ചെയ്യാനറിയാത്തവന്‍, മണ്ടന്‍, തെണ്ടി, വിഡ്ഡി എന്നീ സംബോധനകള്‍ നല്‍കികൊണ്ട് കുട്ടികളെ തരം താഴ്ത്തി സംസാരിക്കലും, താരതമ്യപ്പെടുത്തലും, ഒറ്റപ്പെടുത്തല്‍, കുറ്റപ്പെടുത്തല്‍ വേറുക്കൂറോടെ പെരുമാറുക എന്നിവ പണ്ടത്തെപോലെ തന്നെ ഇന്നത്തെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും നേരിടേണ്ടിവരുന്ന കടുത്ത വെല്ലുവിളികളാണ്.

സത്യത്തില്‍ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചുڈ? കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് പഠിക്കണോ? അതോ കുഞ്ഞിന്‍റെ അഭിരുചിക്കും കഴിവിനും വാസനക്കും അനുസരിച്ച് പഠിക്കണോ? നേരത്തെ സൂചിപ്പിച്ച യാന്ത്രികതയില്‍ നിന്നും ഉയര്‍ന്നുവന്ന കണ്‍സ്യൂമറിസമാണിവിടെ പ്രകടമാകുന്നത്. ഇവിടെയും ബലിയാടാകുന്നതും കുട്ടികള്‍ തന്നെ. മത്സരാധിഷ്ടിതമായ ഇന്നത്തെ വിദ്യാഭ്യാസരീതിയും മൂല്യശോഷണവും കുട്ടികളുടെ മാനസികവും യുക്തിപരവുമായ കഴിവുകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കുട്ടിക്ക് തന്‍റെ യഥാര്‍ത്ഥ കഴിവിനും അഭിരുചിക്കും താല്‍പര്യത്തിനും അനുസരിച്ചുള്ള പഠനാന്തരീക്ഷം ലഭിക്കാതെ വരുമ്പോള്‍ അവരില്‍ സങ്കടം, മനപ്രയാസം, നിസ്സഹായവസ്ഥ, പഠനപിനോക്കാവസ്ഥ, പെരുമാറ്റവൈകല്യം, മാനസിക വൈകല്യം എന്നീ സങ്കീര്‍ണ്ണതകളോടെ പ്രകടമാകുന്നു.

എങ്കിലും കുറ്റവും ആരോപണവും കുട്ടിക്ക്തന്നെ വ്യക്തിത്വം രൂപപ്പെട്ടുവരുന്ന ഈ കാലയളവില്‍ മാതാപിതാക്കള്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ഇമ്മാതിരി മാനസികപീഢനം ഒരുവെല്ലുവിളി തന്നെയാണ്.

താരതമ്യപ്പെടുത്തുക, ഇടിച്ചുതാഴ്ത്തി സംസാരിക്കുക, ആത്മാഭിമാനം വ്യണപ്പെടുത്തുന്ന രീതിയിലുള്ള സംസാരം എന്നിവ കുട്ടികളില്‍ പലവിധ മാനസിക ശാരീരിക പഠനവൈകല്യങ്ങള്‍ക്ക് കാരണമാവും.

ചെറുപ്രായത്തില്‍ കാണുന്ന മോഷണശീലം, നുണപറയല്‍, ദേഹോപദ്രവം, നശീകരണ മനോഭാവം, പഠനപിന്നോക്കാവസ്ഥ, ഒളിച്ചോട്ടം, ആത്മഹത്യശ്രമം, തെറ്റായ ബന്ധങ്ങള്‍, വാശി, വിക്കല്‍, ഭയം, ഉറക്കത്തില്‍ മൂത്രമൊഴിക്കുക, അപകര്‍ഷതാബോധം മറ്റു മാനസികരോഗങ്ങള്‍ തുടങ്ങി അനവധി സങ്കീര്‍ണ്ണതകള്‍ ഉടലെടുക്കുന്നത് ഇളംപ്രായത്തിലെ വൈകാരികമായ നിസ്സഹായവസ്ഥയില്‍ നിന്നാണ്. പ്രതീകരിക്കാനും അഭിപ്രായപ്രകടനം നടത്താനും അഭിരുചിക്കനുസരിച്ച് പഠിക്കാനും സാധിക്കാതെ വരുന്ന കുട്ടികള്‍ അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും പുറത്ത് പറയാതെ മനസ്സില്‍ സൂക്ഷിക്കുന്നു. അതുപോലെ അടിച്ചമര്‍ത്തലിലൂടെ ഉണ്ടാക്കിയെടുക്കുന്ന കുട്ടികളിലെ അച്ചടക്കം പില്‍ക്കാലത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നു.

ജീവിതരീതി, കുടുംബാന്തരീക്ഷം, വിദ്യാലയാന്തരീക്ഷം എന്നിവ മനസ്സിലാക്കി കുട്ടികളുടെ വ്യക്തിത്വത്തിനും മാനസികവളര്‍ച്ചക്കും പഠനമികവിനും വിലങ്ങുതടികളായി നില്‍ക്കുന്ന കാരണങ്ങളെ കണ്ടെത്തി അവനീക്കം ചെയ്യുവാനുള്ള കര്‍മ്മമാണ് ചൈല്‍ഡ് കൗണ്‍സലിംങ്. ഇവിടെ ചിലവിഭാഗം മാതാപിതാക്കളും അദ്യാപകരും കണ്ണടച്ചിരിക്കുന്നു. കുട്ടികളെ ക്ലാസിന് പുറത്ത് നിര്‍ത്തുക, പുറകില്‍ നിര്‍ത്തുക, മുട്ടുകുട്ടി നിര്‍ത്തുക, മറ്റുകുട്ടികളുടെ മുമ്പില്‍ വെച്ച് കളിയാക്കുക, രക്ഷിതാക്കളുടെ മുമ്പില്‍ നിര്‍ത്തി കുട്ടികളെ തരംതാഴ്ത്തി സംസാരിക്കുക, അതുപോലെ ടീച്ചറുടെ ഇഷ്ടത്തിനനുസരിച്ച് അവനെ/അവളെ ശിക്ഷിച്ചോളു എന്നുപറയുന്ന മാതാപിതാക്കളും എല്ലം കുട്ടികളെ വഴി പിഴപ്പിക്കാനെ ഉപകരിക്കു.

ഇത്രയും കലുഷമായ സാഹചര്യങ്ങളിലും അല്ലാത്തപ്പോഴും വൈകാരികമായ പ്രശ്നങ്ങളും പഠനത്തില്‍ പിന്നാക്കരും പെരുമാറ്റ/സ്വഭാവദൂഷ്യവുമുള്ള കുട്ടികളുടെ ജീവിത രീതിയും, പഠനവും, കുടുംബാന്തരീക്ഷവും, വിദ്യാലയാന്തരീക്ഷവും മനസ്സിലാക്കി കുട്ടിയുടെ വ്യക്തിത്വത്തിനും മാനസിക വളര്‍ച്ചക്കും പഠനമികവിനും വിലങ്ങുതടികളായി നില്‍ക്കുന്ന യാഥാര്‍ത്ഥ കാരണങ്ങളെ കണ്ടുപിടിച്ച് നീക്കം ചെയ്ത് സഹായിക്കലാണ് ചൈല്‍ഡ് കൗണ്‍സലിംങ്. ചൈല്‍ഡ് കൗണ്‍സലിംങില്‍ കൗണ്‍സലര്‍ കുട്ടിയിലേക്കും കുട്ടിയുടെ ജീവിത പഠന സാഹചര്യത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച് അവരെ കേള്‍ക്കുന്നു. അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും സഹാനുഭൂതിയോടെ മനസ്സിലാക്കുകയും അവനെ/അവളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് നയിക്കുകയും ചെയ്യുന്നു.