څചിതയും ചിന്തയും ഒന്നു തന്നെയെന്ന്چ ഒരു ചൊല്ലുണ്ട്. ചിത മ്യതശരീരത്തെ ദഹിപ്പിക്കുന്നു. ചിന്ത ജീവനുള്ള ശരീരത്തെയും ദഹിപ്പിക്കുന്നു. ഇവിടെ ചിന്തകള്‍ ശരീരത്തെ രോഗാതുരമാക്കി മ്യതപ്രിയമാക്കുന്നു എന്നുസാരം. അതായത് മനുഷ്യ മനസ്സില്‍ ആകുലത പ്രവേശിച്ചുകഴിഞ്ഞാല്‍ വിവിധതരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഉടലെടുക്കുവാന്‍ തുടങ്ങുന്നു. വിട്ടുമാറാത്ത തലവേദന, കൈകാല്‍ കഴപ്പ്, ഉറക്കകുറവ്, രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍, അസിഡിറ്റി, അള്‍സര്‍, നെഞ്ചുവേദന, ഷുഗര്‍ തുടങ്ങി ആമാശയത്തില്‍ കാന്‍സര്‍ വരെ പിടികൂടുന്നു. ഒരു ഇരുമ്പിന്‍ കഷ്ണത്തിന്‍മേല്‍ തുരുമ്പ് കേറുന്നതു പോലെയാണ് ആകുലത അഥവ ഉത്കണ്ഠ മനുഷ്യന്‍റെ കാന്തിമയും പ്രസരിപ്പും കാര്‍ന്നുതിന്നുന്നത്.
വാസ്തവത്തില്‍ ആകുലതയെ അതിജീവിക്കാന്‍ മനുഷ്യനാകുമോ? മനുഷ്യന്‍റെ വൈകാരിക പ്രശ്നങ്ങള്‍ക്കെല്ലാം ഒരുപൊതു കേന്ദ്രമുണ്ടെങ്കില്‍ അത് അവന്‍റെ/അവളുടെ ആകുലചിന്തകളായിരിക്കും. അവയ്ക്ക് പരിഹാരം കാണാന്‍ കഴിയുന്നതോടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും കഴിയുമെന്ന് പ്രശസ്ത മനശാസ്ത്ര ചികിത്സകനായ സിഗ്മണ്ട് ഫ്രോയിഡ് പറയുന്നു. മനുഷ്യമനസ്സ് ഒന്നുകില്‍ മുന്നോട്ട് അല്ലെങ്കില്‍ ഭൂതകാലത്തേക്കും എത്തിനോക്കികൊണ്ടിരിക്കും. അങ്ങിനെ വന്നാല്‍ വരുംവരായ്കകളെ കുറിച്ചുള്ള ചിന്തകള്‍കൊണ്ട് സദാ നിര്‍ഭരമായിരിക്കും മനസ്സ്. ഭൂതകാലത്തെകുറിച്ച് ചിന്തിക്കുന്ന വ്യക്തി വിഷാദരോഗത്തിനും ഭാവികാലത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ ആകുലതക്കും വിധേയരാകുന്നു. ഇടക്കുള്ള വര്‍ത്തമാനകാലം(ഇന്ന്) ചുറ്റും നിലകൊള്ളുന്ന പരിതസ്ഥിതിയുടെ ചൂഷണത്തിനും വിധേയമാകുന്നു. എന്നാല്‍ എല്ലാ കാലത്തെയും എപ്പ്രകാരം നോക്കി വിലയിരുത്തി സമീപിക്കണമെന്ന പഠനം ലഭിക്കാത്തതിനാല്‍ ആകുലത മനുഷ്യനെ നിരന്തരം വേട്ടയാടുന്നു.
ഒന്നുചിന്തിച്ചാല്‍ മനസിലാകും, മ്യഗങ്ങള്‍ക്ക് ആകുലചിന്തകളില്ല. കാരണം അവയ്ക്ക് കാര്യകാരണ സഹിതം ചിന്തിക്കുവാനുള്ള സ്വതന്ത്രമായ ബോധമനസ്സില്ല. ഭക്ഷണം, വെള്ളം, ഉറക്കം, പ്രത്യുല്‍പാദനം ഇതു മാത്രമേ മ്യഗങ്ങള്‍ക്കുള്ളു. ദാഹിച്ചാല്‍ അടുത്തുള്ള വെള്ളം ചീത്തയാണെങ്കിലും നക്കികുടിക്കും. വിശന്നാല്‍ എത്ര പഴക്കമുള്ള സാധനവും തിന്നും. ലൈംഗീക ഉദീപനം വരുംനേരം അടുത്തുള്ള ജീവിയുടെ മുതുകില്‍ പരിസരം നോക്കാതെ കേറും. എന്നാല്‍ ഒരു മനുഷ്യന് ഇങ്ങനെയൊന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അവന്‍റെ ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുവാന്‍ അനുയോജ്യമായ വസ്തുക്കളും സൗകര്യങ്ങളും തേടി അലയണം. സദാചാരത്തെയും സന്‍മാര്‍ഗത്തേയും സാമൂഹികനിയമങ്ങളെയും മാനിക്കാതെ കിട്ടിയത് ആസ്വാദിക്കാനും കഴിയില്ല. എന്നാല്‍ ആഗ്രഹനിവര്‍ത്തിക്ക് സ്വയം പരിഹാരം കാണുവാനുള്ള അവയവങ്ങള്‍ സ്യഷ്ടിയില്‍തന്നെ ലഭിച്ചുവോ? അതും ഇല്ല! പിന്നെ എങ്ങിനെ മനുഷ്യന്‍ ആകുലപ്പെടാതിരിക്കും? കഴിഞ്ഞുപോയതിനെ കുറിച്ചും വരാനിരിക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്ന മനുഷ്യമനസ്സ് വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ്. ഇതിന്‍റെ കാരണം മനുഷ്യന് വിശേഷമായി ലഭിച്ചിരിക്കുന്ന യുക്തിയും അറിവും തന്നെയാണ്. അപ്പോള്‍ ആകുലതയുടെ അടിസ്ഥാനം അറിവും യുക്തിയുമാണന്ന് വിപ്ലവാത്മകമായി തന്നെ പറയേണ്ടിവരും. കാരണം അറിവും യുക്തിയും ലഭിച്ചതുകൊണ്ടാണല്ലോ മനുഷ്യന്‍ ചിന്തിച്ച് വെളിച്ചത്തിലേക്ക് വരുവാന്‍ ശ്രമിക്കുന്നത്. ലഭിച്ച പ്രകാശമാണങ്കില്‍ മതിവരുവോളം നോക്കി ആസ്വദിക്കുവാനും സമ്മതിക്കുന്നില്ല. പ്രബുദ്ധത കൈവരിച്ചതാണ് മനുഷ്യന്‍റെ സകല ആകുലതക്കും കാരണമെന്ന് മണ്‍മറഞ്ഞുപോയ പല ദാര്‍ശനികരും രേഖപ്പെടുത്തിയിട്ടുണ്ട്. അത് സത്യമെന്ന് എനിക്കും ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. ڇവെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദംڈ എന്നുപറയുന്ന കവിയുടെ ഉള്ളിലെ മനോവേദന തന്നെയാണ് നാം ഓരോരുത്തരം ദൈന്യംദിന ജീവിതത്തില്‍ അനുഭവിച്ചുവരുന്നത്.
ഓരോരുത്തരുടെയും ആകുലതയുടെ അടിസ്ഥാനം വ്യത്യസ്തമാണ്: ചിലര്‍ക്ക് മാനഹാനി, ചിലര്‍ക്കു മോഹഭംഗം, ചിലര്‍ക്ക് ധനനഷ്ടം, ചിലര്‍ക്ക് ഉദ്ദ്യോഗ ക്ലേശം, വേര്‍പാട് തുടങ്ങി വിവിധങ്ങളായ കാരണങ്ങള്‍ ആകുലതയോടൊപ്പം ഉണ്ടായിരിക്കും. ഒരുകുഞ്ഞു ജനിച്ചു വളര്‍ന്നു വാര്‍ദ്ധക്ക്യത്തില്‍ എത്തുന്നതു വരെയുള്ള കാലഘട്ടങ്ങളില്‍ കൈകാര്യം ചെയ്യുന്നവയില്‍ സഫലീകരണത്തിനു /സംത്യപ്തിക്ക് മാത്രമേ പരിഗണന കൊടുക്കുന്നുള്ളു. കുട്ടികള്‍ കളിപ്പാട്ട ത്തിലേക്കും, ബാലന്‍ ബാലികയിലേക്കും ആസക്തനാകുന്ന പോലെ മരണംവരെ മനുഷ്യന്‍ നിരന്തരമായി എന്തെങ്കിലും ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ആസക്തനായി സഞ്ചരിക്കുമ്പോള്‍ ആകുലതയെ ഇല്ലാതാക്കാന്‍ എങ്ങിനെ സാധിക്കും? അവന്‍റെ/അവളുടെ ആഗ്രഹസഫലികരണം നിലവിലുള്ള സാമൂഹികസാംസ്കാരിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ സാധ്യമല്ല. അതുതന്നെ ആകുലതയുടെ കാരണം. വാര്‍ദ്ധക്ക്യത്തില്‍ എത്തിയവര്‍ പോലും തന്‍റെപഴയ ലീലാവിലാസങ്ങളെ കുറിച്ചോര്‍ത്ത് ഭൂതകാലത്തിന്‍റെ ഓര്‍മ്മയില്‍ ആകുലത പെടുന്നു.
വാസ്തവത്തില്‍ ഒരുകുഞ്ഞു പിറന്നുവീഴുമ്പോള്‍ തന്നെ അവനെ/അവളെ ആകുലതകള്‍ വന്നുപൊതിയുന്നു. മാതാവ് തനിക്ക് നല്‍കിയിരുന്ന സുരക്ഷിതമായ പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചു അമ്മയില്‍ നിന്നും വിടര്‍ത്തി മാറ്റുന്നതോടെ ശിശു ഏകനായി മാറുന്നു. ഈ ഏകാകിയുടെ വിലാപമാണ് പ്രസവിച്ച് പുറത്തുവരുന്ന എല്ലാ പൈതങ്ങളും കാഴ്ചവെക്കുന്ന കരച്ചില്‍ എന്ന് മനശാസ്ത്രജ്ഞന്‍മാര്‍ വിശേഷിപ്പിക്കുന്നു. പുറം ലോകത്ത് എത്തിയ മനുഷ്യകുഞ്ഞ് പ്രകടിപ്പിക്കുന്ന ഈ കരച്ചില്‍ ആകുലതയുടെതാണെങ്കിലും മാനസിക പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സമൂഹം വിലയിരുത്തുന്നു.
ڇറോസ് മരിയ റാഫേല്‍ڈ എന്ന കൗമാരപ്രായകാരി അപകര്‍ഷതബോധം മാറ്റിയെടുക്കാനായി ചികിത്സക്കു വന്നു. വാസ്തവത്തില്‍ ആ കുട്ടി ഒരു സ്കീസോയിഡ് പേഴ്സണാലിറ്റിയുടെ ഉടമയായിരുന്നു. സ്കീസോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവ്യക്തികള്‍ ഏകാന്ത ജീവിതം ആസ്വദിക്കു ന്നവരായിരിക്കും. വിരലില്‍ എണ്ണാവുന്ന പരിമിതമായ സുഹ്യത്തുക്കള്‍ മത്രാമെ ഇവര്‍ക്കുണ്ടാകു. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് യാതൊരു കാരണവശാലും കടന്നുവരാതെ, ഒരാളുടെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പോലും അശക്തര്‍, മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ ഒഴിഞ്ഞുമാറി നടക്കുന്നവര്‍. അവളെ ചികിത്സിക്കുന്ന കാലയളവില്‍ ഒരിക്കലും പ്രതീഷിക്കാത്ത തരം സവിശേഷമായ വിവരം എന്നിക്ക് അറിയാന്‍ കഴിഞ്ഞൂ. ڇഈ സമൂഹത്തില്‍ എനിക്ക് ജീവിക്കേണ്ട, എന്‍റെ അമ്മയുടെ സുരക്ഷിതമായ ഗര്‍ഭപാത്രത്തിലേക്ക് മടങ്ങിചെല്ലുവാനുള്ള ആഗ്രഹം അവള്‍ക്കുണ്ടത്ര.ڈ
കുഞ്ഞുകുട്ടികള്‍ക്കും അവരവരുടെതായ ദുഃഖങ്ങളുടെ പ്രപഞ്ചം ഉണ്ട്. അച്ഛനമ്മാരെ പിരിഞ്ഞ് വിദ്യാലത്തിലേക്ക് എത്തുന്ന കുഞ്ഞിന് അനുഭവപ്പെടുന്ന ആകുലത വിവിധ ആശങ്കകളും ഭയവും നിസ്സഹായവസ്ഥയും നിറഞ്ഞതായിരിക്കും. കുഞ്ഞിന്‍റെ മാനസികാവസ്ഥ ക്ഷമയോടെ സ്നേഹപൂര്‍വ്വം പരിഗണിച്ച് അവയെ നേരിടാനുള്ള ആ പ്രായത്തിനുവേണ്ട പ്രായോഗിക വഴികള്‍ നടപ്പിലാക്കിയാല്‍ അകാരണമായ ആകുലചിന്തകളില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തുവാന്‍ കഴിയും.
ഉല്‍ക്കണ്ഠയെ യാഥാര്‍ത്ഥ്യബോധ്യത്തോടെ പരിഗണിച്ച് ഇല്ലായ്മ ചെയ്യുന്നത് ജീവിതത്തിനുപകരിക്കും. പരിപക്വമായ വ്യക്തിത്വവികാസമാണ് ഇവിടെ രൂപപ്പെടുന്നത്. ഇളം പ്രായത്തിലെ വളര്‍ച്ചക്കിടയിലുള്ള ഇത്തരം ആകുലതകളെ ഇല്ലായ്മചെയ്യുവാന്‍ മതവിശ്വാസത്തിനു കഴിയുമെന്ന് സി.ജി യുങ് എന്ന മനശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ആ വിശ്വാസം സഹിതയിലെ വൈരുദ്ധ്യം വ്യക്തിയുടെ കൗമാരപ്രായ വളര്‍ച്ചയിലെ യുക്തിവികസിക്കുന്ന ഘട്ടത്തില്‍ അസാധാരണമായ പെരുമാറ്റത്തിലേക്കും- ന്യൂറോസിസിലേക്കും (ഒബ്സെസിവ് കമ്പല്‍സിവ് സ്പെക്ട്രം ഡിസോര്‍ഡേഴ്സ്) വഴിവെക്കുന്നതുമാണെന്ന് സിഗ്മണ്ട് ഫ്രോയിഡ് ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു.
ഒന്നുതീര്‍ച്ചയാണ് ഭൂമിയിലെ സര്‍വ്വ ജീവ ജാലങ്ങള്‍ക്കും ആവിശ്യമായ സര്‍വ്വതും നല്‍കുവാന്‍ കഴിവുള്ളതും മനുഷ്യന്‍റെ നഗ്നനേത്രങ്ങള്‍കൊണ്ട് സാധിക്കാത്തതു മായ ഒരുശക്തി പ്രപഞ്ചത്തില്‍ ഉണ്ട്. ആ പ്രപഞ്ചശക്തിയിലൂടെയുള്ള ജീവിത യാത്രയില്‍ ഉണ്ടാകുന്ന ആകുലതകള്‍ തരണം ചെയ്യാനുള്ള ഊര്‍ജ്ജം പ്രപഞ്ചം മനുഷ്യന്‍റെ സങ്കല്‍പ്പങ്ങള്‍ക്ക് പകര്‍ന്ന് അവന്‍റെ/അവളുടെ ആകുലചിന്തകള്‍ക്ക് വിരാമമിടും. മനുഷ്യന്‍റെ ഭൗതീകമായ സുഖസൗകര്യങ്ങളോടുള്ള ആസക്തിയാണ് അവന്‍റെ മനസ്സിനെ വ്രണപ്പെടുത്തുന്ന ആകുലചിന്തകളായി പരിണമിക്കുന്നത്. മനുഷ്യന്‍ ഉള്ളിടത്തോളം കാലം ആകുലതയും ഉണ്ടായിരിക്കും.
എന്നാല്‍ ആകുലചിന്തകള്‍ ഒഴിവാക്കി മനഃശാന്തി നേടിയെടുക്കാനായി ഇന്ന് ലോകം മുഴുവന്‍ നട്ടെട്ടമോടുകയാണ്. അതിനായി അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളും അനവധി. മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് ആകുലത ഇല്ലായ്മചെയ്യുവാന്‍ ശ്രമിക്കുന്നവര്‍ കൂടുതല്‍ ദുരന്തങ്ങളില്‍ ചെന്നു അടിമപ്പെടുകയേയുള്ളു. ഒരുകൂട്ടര്‍ ആത്മീയ നേതാക്കന്‍മാരോട് കൂട്ടുകൂടുന്നു. വേറെ ചിലര്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ സ്വയം അടിമയാകുക മാത്രമല്ല തന്നെ ആശ്രയിച്ചു നില്‍ക്കുന്ന പങ്കാളിയേയും മക്കളെയും മാതാപിതാക്കളെയും ദുരന്തത്തിന്‍റെ ഭാഗ മാക്കിതീര്‍ക്കുകയാണ് ചെയ്യുന്നത്. ക്രമേണ നാട്ടിലും ജോലിസ്ഥലത്തും സ്വസ്ഥതയും സമാധാനവും ഇല്ലാതാകുന്നു.
ആകുലത ജീവിതത്തിന്‍റെ ഭാഗമായി എടുക്കുക മാത്രമാണ് പോംവഴി. നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയും യുക്തിവഹമായും വിലയിരുത്തുവാന്‍ കഴിയാത്തതാണ് ഭൂരിപക്ഷം ആകുലതകളുടെയും കാരണം.
© Copyright 2020. All Rights Reserved.