മനുഷ്യന്‍റെ വളര്‍ച്ചയുടെയും വികസനത്തിന്‍റെയും ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ബാല്യത്തിനും യുവത്വത്തിനും ഇടയ്ക്കുള്ള കൗമാരക്കാലം. പ്രശ്നങ്ങളുടെ കാരണവും ശരിയായ പരിഹാരമാര്‍ഗ്ഗവും അറിയാതെ ഉഴറുന്ന കാലം. ശാരീരികവും മാനസികവും സാമൂഹ്യസാംസ്കാരികവും മതപരവുമായ ഒട്ടേറെ വളര്‍ച്ചകളൂം വെല്ലുവിളികളും ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ബാല്യത്തില്‍ 10 വയസുവരെ കിട്ടുന്ന സ്നേഹപരിലാളന, വാത്സ്ല്യത്തോടുക്കുടിയ നിര്‍ദേശം, സുരക്ഷിതത്വം എന്നിവ പിന്നീടുള്ള 24 വയസുവരെയുള്ള 95% കുട്ടികള്‍ക്കും നിഷേധിക്കപ്പെടുന്നു.
മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഭരണാധികാരികളുടെയും ഈ നിഷേധാത്മക നിലപാടാണ് ഭൂരിപക്ഷം കൗമാരക്കാരെയും സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുന്നത്. ലോകത്തിലെ ഏത് രാജ്യത്തെ കുട്ടികളെ എടുത്ത് നോക്കിയാലും കുഴപ്പക്കാരായവര്‍ക്കു മുമ്പില്‍ ഈ കൗമാരപ്രായക്കാരായിരിക്കും കൂടുതലും. കൗമാരത്തിലെ ഒരു നിശ്ചിതകാലം 13 മുതല്‍ 19 വരെ Teenage എന്നും അറിയപ്പെടുന്നു.
കൗമാര കാലയളവില്‍ ഇവര്‍ക്ക് സ്നേഹ വാത്സല്യങ്ങളോടെയുള്ള അറിവും പരിഗണനയും അംഗീകാരവും നല്‍കേണ്ടത് എങ്ങിനെയെന്ന് അറിയാതെ വെളുക്കാനായി തേച്ചത് പാണ്ടാകുന്നു എന്നപോലെ മാതാപിതാക്കളും അദ്ധ്യാപകരും. മറുവശത്ത് ശാരീരികതലത്തിലുള്ള ഹോര്‍മോണുകളുടെ വളര്‍ച്ചയും ഉത്തേജനവും അതിനെ നിയന്ത്രിക്കേണ്ടത് എങ്ങിനെയന്ന ആശയകുഴപ്പവും, കൂടാതെ ശാരീരിക വലുപ്പത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച മാനസിക തലത്തിലുള്ള പക്വതയില്ലായ്മയും കുഴപ്പത്തിലാക്കുന്നു. അതുകൊണ്ട് കാഴചക്ക് ഉചിതമായ രീതിയിലുള്ള പെരുമാറ്റത്തിനു പകരം ബാലിശമായ പ്രവര്‍ത്തനവും സംസാരരീതിയും പെരുമാറ്റരീതിയും ഇവരില്‍ നിന്ന് കാണപ്പെടുന്നു. മറ്റുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണ്ണമായി തെറ്റിദ്ധരിക്കുന്നു. ഇവിടെ ഇരുകൂട്ടരിലും മാനസികമായ ആശയകുഴപ്പവും അനിശ്ചിതത്വവും നിരാശയും ഉണ്ടാകുന്നു. ഇതിനാല്‍തന്നെ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ അകപ്പെട്ട അവസ്ഥയായിരിക്കും കൗമാരകാര്‍ക്ക് അനുഭവപ്പെടുക.
കൗമാരത്തിലൂടെ കടന്നുവരുന്ന കുമാരന്‍റെയും കുമാരിയുടെയും ശാരീരിക-മാനസിക വളര്‍ച്ച, ചിന്ത, വികാരം, വ്യക്തിത്വം എന്നിവ കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ അംഗീകരിക്കപ്പെടേണ്ടതാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീന വലയത്തിലകപ്പെടുന്ന ഈ പ്രായം അറിവില്ലായ്മയാല്‍ ചെളികുണ്ടിലേക്കാണ് ആദ്യം പതിക്കുക. ചുരുക്കം ചിലര്‍ അതില്‍ നിന്നും രക്ഷപ്പെടുന്നു. ധാര്‍മ്മികതയും യുക്തിയും മനുഷ്യത്ത്വവും സത്യസന്ധതയും ഏറ്റവും നല്ല രീതിയില്‍ പുഷ്ടിപ്പിച്ചെടുക്കാന്‍ സാധിക്കുന്ന ഈ കുമാരികുമാരന്‍മാര്‍ തങ്ങളുടെ മാതാപിതാക്കളെയും, അധികാരികളെയും, തത്ത്വചിന്തകരെയും, അധികാരികള്‍, നിയമാവലികള്‍ വേണ്ടിവന്നാല്‍ സ്യഷ്ടാവായ ദൈവത്തേവരെയും ചോദ്യംചെയ്യാനും മല്ലടിക്കാനും തയ്യാറാകും. അന്നേരം തലമുറകള്‍ തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ ഗ്യപ്പ് എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുന്ന മുതിര്‍ന്നവര്‍ സ്വന്തം കൗമാരകാലഘട്ടം എപ്രകാരമായിരുന്നുവെന്ന് വിസ്മരിക്കുന്നു.
ഈ കലികാലയുഗത്തില്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സെക്സ് റാക്കറ്റ്സ്, അശ്ലീലം, മദ്യം, മയക്കുമരുന്ന് അല്പ വസ്ത്രധാരണം, കൗമാരവ്യഭിചാരം -ഗര്‍ഭധാരണം, ഫാഷന്‍ തരംഗം, ഗുണ്ടായിസം, നീലചിത്ര അഭിനയം തുടങ്ങീ നാനാവിധ ചൂഷണമേഖലകള്‍ ലൈംഗികരോഗങ്ങളും എയ്ഡ്സും സമ്മാനമായി നല്‍കുവാന്‍ ഇവരെ കാത്തിരിക്കുന്നു. ഇതിനെ അതിജീവിക്കാനാവശ്യമായ ധാര്‍മ്മികമായ ഉദ്ബോധനവും ഇച്ഛാശക്തിയും അറിവിലൂടെ പകര്‍ന്നു കൊടുക്കാന്‍ തയ്യാറാവാത്ത ഒരു വിഭാഗം ഗുരുനാഥന്‍മാര്‍ കൗമാരക്കാരെ മത്സരിക്കാനും സത്യം മൂടിവെക്കാനും തമ്മിലടിപ്പിച്ചും മറ്റും മാനസികരോഗങ്ങളുടെ അന്ധകാരത്തില്‍ കഴിയുവാനുമുള്ള പ്രചോദനം മാത്രം നല്‍കിവരുന്നു.
ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുള്ള സകല അരാജകത്വങ്ങളുടെയും അടിസ്ഥാനകാരണം ശരിയായ കൗമാരവിദ്യാഭ്യാസം കൊടുക്കാത്തതിന്‍റെ പേരില്‍ ഉണ്ടായി വന്നിട്ടുള്ളതാണ്. ഒരു മനുഷ്യന്‍റെ ജീവിതത്തിന്‍റെ ഭൂരിപക്ഷം സമയം അദ്ധ്യാപകന്‍റെ പക്കല്‍ ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികാല ഘട്ടത്തില്‍ ഇന്നത്തെ അദ്ധ്യാപകര്‍ കൊടുക്കുന്ന അറിവുകള്‍ ഭാഷ, ശാസ്ത്രം, രാഷട്രീയം, കമ്പ്യൂട്ടർ, പാചകം, ശരീരപ്രദര്‍ശനം, ഫാഷന്‍ഡിസൈന്‍ എന്നിവ മാത്രം. നിത്യ ജീവിതത്തിനാവശ്യമായ മറക്കാനും പൊറുക്കാനും, പങ്കുവെക്കാനും, സൂക്ഷിക്കാനും, പരിചരിക്കാനും, പരിഗണിക്കാനും, തന്നെ പോലെ തന്നെ ഇതരവ്യക്തിയെ സ്നേഹിക്കുവാനും, മനസ്സിലാക്കുവാനും, വേറുകൂറ് ഇല്ലാത്ത എളിമ, ധാര്‍മ്മികത, സത്യസന്ധത ഇതൊന്നും ഇന്ന് വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നില്ല. മറിച്ച് വാശി, വൈരാഗ്യം, പ്രതികാര മനോഭാവം, ഇതരവ്യക്തിയെ അരിഞ്ഞ് വീഴ്ത്താനുമുള്ള മത്സരമനോഭാമാണ് പഠനത്തിന്‍റെ പേരില്‍ കുത്തിനിറക്കുന്നത്. കൂട്ടത്തില്‍ നൂറുമേനി കൊയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന പദവി സമ്പാദിക്കലും മാത്രം.
വര്‍ഷങ്ങളായി ഭാരതാംബയുടെ സ്വത്ത് ചൂഷണം ചെയ്ത് കൈകഴുകിയും കൈ മലത്തിയും എനിക്കതില്‍ പങ്കില്ല എന്ന് പറഞ്ഞ് ഭരണത്തിലിരിക്കുന്ന സകല അണ്ടനും അടങ്ങോടനും ഉള്‍പ്പെടുന്ന മന്ത്രിമാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മതപണ്ഡിതര്‍, കൊലപാതകികള്‍, കൂട്ടികൊടുപ്പുകാര്‍, മോഷ്ടാക്കള്‍, ആള്‍ദൈവങ്ങള്‍, വഞ്ചകര്‍ ഇവരെല്ലാം ഈ പറഞ്ഞ നേരായ കൗമാര വിദ്യാഭ്യാസം ലഭിക്കാത്തതിന്‍റെ ഉത്പന്നങ്ങളാണ്. സത്യത്തില്‍ ഈ പറഞ്ഞവര്‍ സര്‍വ്വേശ്വരന്‍റെ സ്യഷ്ടിയല്ല, ജനിക്കുമ്പോള്‍ ആരും ഇത്തരത്തില്‍ ജനിക്കുന്നുമില്ല. ജനനത്തിനുശേഷം മനുഷ്യന്‍ ഉണ്ടാക്കിയെടുക്കുന്ന സ്ഥിതിവിശേഷമാണ് ഇവയെല്ലാം.
സത്യമെന്തെന്ന് പറഞ്ഞു കൊടുക്കുവാനുള്ള ചങ്കൂറ്റവും ആത്മാര്‍ത്ഥതയും ഉള്ള അദ്ധ്യാപകരുടെ ശിക്ഷണം ലഭിക്കാതെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ പ്പെട്ട് ചതികുഴിയില്‍ വീണുപോകാതിരിക്കുവാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് അഡോളസെന്‍റ് കൗണ്‍സലിംങ്ങില്‍ (Adolescence Counceling) ഉണ്ടായിരിക്കുക. ഇവിടെ കൗമാരക്കാരുടെ തെറ്റായ ധാരണകള്‍, വിശ്വാസങ്ങള്‍, കാഴചപാടുകളെയും ശരിയായദിശയിലേക്ക് തിരിച്ചുവിടുന്നതോടപ്പം അവരുടെ മാനസികമായ വിഷമങ്ങളില്‍നിന്നും നിരാശകളില്‍നിന്നും മുക്തിനേടുവാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ പ്രദാനം ചെയ്യുന്നു.
ഇത്തരം കൗണ്‍സലിംങ് ആദ്യകാല കൗമാരം, മദ്ധ്യകാല കൗമാരം, പില്‍ക്കാല കൗമാരം എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് നടത്തുന്നത്. രാജ്യസ്നേഹം, സംസ്കാരം-സാമൂഹ്യ പ്രതിബദ്ധത, ഈശ്വരവിശ്വാസം, മാതാപിതാക്കളോടുള്ള കടപ്പാട്, ശാരീരികാവയവങ്ങളുടെ പ്രവര്‍ത്തനം, ലൈംഗിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വികാരങ്ങളെ നിയന്ത്രിക്കല്‍, ബുദ്ധി, പഠനം, ഭാവി, തൊഴില്‍, വൈവാഹികജീവിതം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ കൗമാരക്കാര്‍ക്കുള്ള കൗണ്‍സലിംങില്‍ ഉണ്ടായിരിക്കേണ്ടതാണ്.
© Copyright 2020. All Rights Reserved.